Thursday, December 24, 2009

ക്രിസ്തുമസ് @ 2009


ആകാശത്തെ മാലാഖമാരല്ല,
ചെറുതും വലുതുമായ 'കുരിശു'കള്‍ക്കിടയില്‍
ഒപ്പമുള്ളവരാണ്, തെളിഞ്ഞ പ്രഭാതംപോലെ
സന്തോഷം നല്‍കുന്നത്;
അവരുടെ സന്മനസ്സാണ് സമാധാനമേകുന്നത്.


Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, December 22, 2009

ജീവിതവിജയത്തിന് ഉണ്ടാകേണ്ടത്/ഉണ്ടാക്കേണ്ടത് :

1. "നിരാശ നേരിടാനുള്ള കഴിവ്
2. അവഗണന നേരിടാനുള്ള കഴിവ്
3. കുറച്ചുകാര്യങ്ങള്‍ കൊണ്ട് തൃപ്തിപ്പെടാനുള്ള കഴിവ്
4. സാമ്പത്തിക പ്രതിസന്ധി നേരിടാനുള്ള കഴിവ്
5. ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പങ്കുവയ്ക്കാനുള്ള സന്നദ്ധത".
എറണാകുളത്ത് കച്ചേരിപ്പടിയിലെ ആശീര്‍ഭവനില്‍ വിവാഹഒരുക്കത്തിന് ക്ലാസ്സെടുക്കുന്ന ജെറോം ജോസഫ് സാറില്‍നിന്ന് അറിഞ്ഞതാണ് ഈ 5 കാര്യങ്ങളും. അറിവ്, പലപ്പോഴും ആസ്വാസ്ഥ്യജനകമാണെന്ന് സാഹിത്യകാരന്‍ ആനന്ദ് പറഞ്ഞിട്ടുണ്ട്. ഈ വായന അത്തരമൊരു അറിവ് ആകാതിരിയ്ക്കട്ടെ. കുറവുകളുടെ അളവുകോലായി ഇതുപകാരപ്പെടട്ടെ എന്നാണാശിക്കുന്നത്.
Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, November 25, 2009

ലോറി മാറിയ ചിന്ത

നര്‍മ്മമുണ്ടെന്ന് ചിലര്‍ക്കെങ്കിലും തോന്നില്ലാത്ത (യശ്ശ.പ്രൊ.എം.കൃഷ്ണന്‍നായര്‍സാറിന്റെ ഭാഷയിലെ) 'റഷന്‍' പാട്ട് കണ്ടാലും. വേറെ പണിയൊന്നും അറിയാത്തതിനാല്‍ സിനിമാരംഗത്ത് തുടരുന്നു എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അത്തരക്കാരനല്ലാത്ത കുഞ്ചാക്കോബോബനെക്കുറിച്ചാണോ ഈപ്പാട്ടെന്ന് സംശയിച്ച് നമ്പരിടുന്നവര്‍ക്ക് നാട്ടുനടപ്പനുസ്സരിച്ച് മുഴുവന്‍മാര്‍ക്കിന് യോഗ്യത(കേരളത്തില്‍ ഉള്ളവര്‍ക്കുമാത്രം).
Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Friday, October 30, 2009

മറവി മറയ്ക്കാത്ത മഞ്ജുവാര്യര്‍

"വിവാഹത്തോടെ ദ്വിലീപ്, മഞ്ജുവാര്യരുടെ അഭിനയം നിറുത്തി; സുരേഷ്ഗോപി (ഭാര്യ)രാധികയുടെ സംഗീതജീവിതവും നിറുത്തി" എന്നു പറഞ്ഞത് 'തുറന്ന മനസ്സോടെ' എന്ന തിരുവനന്തപുരം ദൂരദര്‍ശന്റെ അഭിമുഖത്തില്‍, സുരേഷ്ഗോപിയോട് അഭിമുഖകാരന്‍ അജിത്താണ് (ഇതിന് സുരേഷ്ഗോപിയുടെ മറുപടി യൂടുബില്‍ കാണാം). പ്രശസ്തരായിരുന്ന നടിമാരില്‍പ്പലരും വിവാഹത്തോടെ സിനിമാഭിനയലോകത്തുനിന്ന് മാറിയിട്ടുണ്ടെങ്കിലും അവരാരും മഞ്ജുവാര്യരോളം സ്മരിയ്ക്കപ്പെടുന്നില്ല എന്നത് ശ്രദ്ധിയ്ക്കപ്പെടേണ്ടതാണ്. മഞ്ജുവാര്യര്‍ ഓര്‍മ്മിയ്ക്കപ്പെടുന്നത് തീര്‍ച്ചയായും അവരുടെ ശാരീരികസൗന്ദര്യം കൊണ്ടല്ലാതാനും. താരങ്ങളുടെ അഭിനയത്തോടും ശരീരത്തോടും മലയാളികള്‍ക്ക് അന്ധമായ രീതിയില്‍ ആരാധനയില്ല എന്നത് നല്ല കാര്യമാണ്. എങ്കിലും മഞ്ജുവാര്യരെ ഓര്‍ക്കാതിരിയ്ക്കാന്‍ സഹ്രുദയ സിനിമാപ്രേമിയ്ക്ക് കഴിയുന്നില്ല. കൊട്ടിഘോഷിക്കപ്പെടുന്ന പലരേക്കാളും കഴിവുള്ള അഭിനേത്രിയാണവരെന്ന് ഒട്ടേറെപ്പേര്‍ കരുതുന്നതിനാലാണിത്. മലയാള സിനിമാലോകംകണ്ട ഏറ്റവും വലിയ അഭിനേത്രി മഞ്ജുവാര്യര്‍ ആണെന്നത് പ്രശസ്തമല്ലാത്ത യാഥാര്‍ത്ഥ്യമാണ്. അഭിനയകലയില്‍ മാത്രമല്ല ജീവനകലയിലും അവര്‍ അറിവുള്ളവരാണെന്നാണ്, സ്വന്തം കുടുംബവുമായി മാത്രം ജീവിക്കുന്നതില്‍നിന്നും മനസ്സിലാക്കേണ്ടത്. അഭിനയലോകത്തുനിന്ന് മാറിയതില്‍ സ്വാര്‍ത്ഥമായൊരു വിഷമം നമുക്കുണ്ടെങ്കിലും, മറ്റുള്ളവരെ രസിപ്പിച്ചുനടന്നിട്ടും സ്വന്തം ജീവിതത്തിന്റെ രസമില്ലായ്മയ്ക്കൊടുവില്‍ ആത്മഹത്യാച്ചരടില്‍ കുരുങ്ങിപ്പോകുന്നതിനേക്കാള്‍ ഭേദമാണിത് എന്നാശ്വസിക്കാം.
Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, October 27, 2009

സമ്പൂര്‍ണ്ണ സ്വാര്‍ത്ഥത = സന്യാസം




ഭൂമിയിലെ ജീവിതത്തിനുശേഷം വീണ്ടും ജന്മമുണ്ടെന്ന് വിശ്വസിക്കുന്നവര്‍ വളരെയേറെയുണ്ട്. ആ ജന്മത്തിലെ സുഖജീവിതത്തിനായി ഇന്ന് കഷ്ടപ്പെട്ട് ജീവിക്കുന്നവരും കുറച്ചുണ്ട്. കഷ്ടപ്പാടെന്നുവച്ചാല്‍, തിന്നേണ്ടത് തിന്നാതെയും അനുഭവിക്കേണ്ടത് അനുഭവിയ്ക്കാതെയുമൊക്കെയായി ഒരുമാതിരി സന്യാസജീവിതം നയിയ്ക്കല്‍. സ്വന്തം ആത്മാവിന്റെ അടുത്ത ജന്മം സന്തോഷമാക്കാനായിട്ട് പ്രാര്‍ത്ഥനമാത്രമായിക്കഴിയുന്നതല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥത ? അത്തരത്തില്‍ ചിന്തിച്ചാല്‍, മറ്റുള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാതെ പ്രാര്‍ത്ഥനേം ജപോം മാത്രമായിക്കഴിയുന്ന സന്യസ്ഥരല്ലേ ഏറ്റവും വലിയ സ്വാര്‍ത്ഥര്‍ ? സമൂഹത്തിന്റെ തുടര്‍ച്ചയ്ക്കാവശ്യമായ കുടുംബജീവിതം ഇല്ലാത്തതിനാല്‍ സന്യസ്ഥരിലെ മിടുക്കരുടെ തലമുറ അന്യംനിന്നുപോകുന്നു എന്ന ദോഷവുമിതിനുണ്ട്. കേരളീയരില്‍ ഏറ്റവും ജ്ഞാനിയായ ആദിശങ്കരാചാര്യരൊക്കെ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ആദിശങ്കരാചാര്യര്‍ ഏക മകനുമായിരുന്നു. പെരുമ്പാവൂര്‍, ആലുവ, അങ്കമാലി, മലയാറ്റൂര്‍ എന്നിവയ്ക്ക് നടുവിലായുള്ള കാലടിയിലെ കൈപ്പിള്ളി നമ്പൂതിരി കുടുംബത്തില്‍ പിറന്ന, ഭാരതത്തിലെ മഹാനായ തത്വജ്ഞാനിക്ക് , സുകുമാര്‍ അഴീക്കോടിന്റെ സ്ഥാനം പോലും കേരളത്തിലെ പൊതുസമൂഹത്തിലില്ലാത്തത്, ബഹുമാനിക്കേണ്ടവരെ ബഹുമാനിയ്ക്കാത്ത കേരളീയരുടെ വികലരീതിമൂലമാകാം; ശ്രീനാരായണഗുരുവിനെപ്പോലെ പ്രതിമ സ്ഥാപിയ്കാനൊക്കെ സ്വസമുദായക്കാര്‍ തുനിയാത്തതിനാലുമാകാം. സന്യാസജീവിതത്തിനും ഭക്തിപൂര്‍വ്വജീവിതത്തിനുമൊക്കെ വിഭിന്ന രീതികളുമുണ്ട്. ചിലരുടെ ഭക്തിയുടെ രീതികണ്ടാല്‍ തോന്നുക, ദൈവം സ്രുഷ്ടിച്ച മനുഷ്യര്‍ ദൈവത്തെത്തന്നെ എപ്പോഴും ഓര്‍ത്തും സ്തുതിച്ചും കഴിയണമെന്ന് വിചാരിക്കുന്നത്ര പൊങ്ങച്ചക്കാരനും ഇടുങ്ങിയ മനസ്സുകാരനുമാണ് ദൈവമെന്നാണ്.ഏതായാലും സര്‍വ്വത്രസമ്പൂര്‍ണ്ണമായി ഒന്നുംതന്നെ ദൈവംതമ്പുരാന്‍ സ്രുഷ്ടിച്ചിട്ടില്ല. ഇനിയെങ്ങാനും ലോകത്തിലെ എല്ലാവരും പൂര്‍ണ്ണസന്യാസികളായാല്‍, ആ ഒരു തലമുറകൊണ്ട് ഭൂമിയിലെ മനുഷ്യന്റെ കുറ്റിയറ്റുപോകുമല്ലോ.അതിനെതിരെ ചെകുത്താനുമായി ദൈവം ഒരു അടവുനയം ഉണ്ടാക്കിയിട്ടുണ്ടാകണം. ദൈവമാരാ മോന്‍.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, September 30, 2009

ശബ്ദമില്ലാത്ത ഫോട്ടൊ

ആദ്യകാലത്തുള്ള സ്റ്റില്‍ക്യാമറയുടെ ഷട്ടറിന്റെ കൊടക് എന്ന ശബ്ദത്തില്‍ നിന്നാണ് kodak എന്ന പേരുണ്ടായതെന്ന് കേട്ടിട്ടുണ്ട്. ഇപ്പോഴത്തെ ഡിജിറ്റല്‍ സ്റ്റില്‍ക്യാമറയ്ക്കൊന്നും ഈ ശബ്ദമില്ല. എന്നാല്‍, മൊബൈല്‍ഫോണിന്റെ ഒപ്പമുള്ള ക്യാമറയില്‍ ഷട്ടര്‍സൗണ്ട് ചേര്‍ത്തിട്ടുണ്ട്. Sony Ericssonല്‍ അത് ഓഫാക്കാനാവില്ല. മറ്റുള്ളവരറിയാതെ ഫോട്ടൊ എടുക്കാതിരിക്കാനാവും അവരങ്ങനെ ചെയ്തുവച്ചിരിക്കുന്നത്. എന്നാല്‍, പരസ്യമായി ഫോട്ടൊ എടുക്കേണ്ടിവരുമ്പോള്‍ ഷട്ടര്‍ സൗണ്ടൊരു ശല്യമാണ്. അതൊഴിവാക്കാന്‍ ഒരു സൂത്രപ്പണിയുണ്ട്. മൊബൈല്‍ ഫോണ്‍, സൈലന്റ് മോഡിലാക്കുക, എന്നിട്ട് ക്ലിക്ക് ചെയ്താല്‍ ഷട്ടര്‍ സൗണ്ട് ഉണ്ടാകില്ല.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

കോഴിത്തലയും പൊലീസുതൊപ്പിയും

ആര്‍ക്കുബാധകൂടിയാലും തലപോകുന്നത് കോഴിയ്ക്കാണെന്ന ചൊല്ലുപോലാണ് കേരളത്തിലെ പൊലീസുകാരുടെ കാര്യം. കുറ്റവാളികളെ പിടിച്ചാലും പിടിച്ചില്ലേലും തൊപ്പിക്കാരന് കുറ്റം. യഥാര്‍ത്ഥത്തില്‍, പൊലീസുകാരുടെയത്ര മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദമനുഭവിക്കുന്ന ഒരു ഉദ്യോഗസ്ഥരും കേരളത്തിലില്ല. ഈ വര്‍ഷം പത്തോളം ആശുപത്രികള്‍ ആക്രമിക്കപ്പെട്ടതിനാല്‍ അവയെ സംരക്ഷിതമേഖലയായി പ്രഖ്യാപിയ്ക്കാന്‍ നിയമം തയ്യാറാകുന്നു. മന്ത്രി ശ്രീമതി, അവരുടേയും IMA യുടേയും താല്പര്യപ്രകാരം, ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ചചെയ്താണ്, ആശുപത്രിയാക്രമണം ജാമ്യമില്ലാക്കുറ്റമാക്കി ഓര്‍ഡിനന്‍സിറക്കുന്നത്. പൊലീസുകാരും, പൊലീസ്‌ സ്‌റ്റേഷനുകളും ഇപ്പോള്‍ മിക്കപ്പോഴും ആക്രമിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലോകമാകെ പറന്നുനടക്കുന്ന ടൂറിസ്റ്റ് മന്ത്രിയ്ക്ക്, പൊലീസ് സ്‌റ്റേഷനുകളും സംരക്ഷിതമേഖലയാക്കാന്‍ തോന്നീല്ല. സ്വന്തം പാര്‍ട്ടീടെ ലോക്കല്‍(ഗുണ്ടാ)സെക്രട്ടറിയുടെ മേല്‍നോട്ടത്തിലാണ് മിക്കപ്പോഴും കയ്യൂക്ക് കാട്ടുന്നത് എന്നതിനാലാവാം, അങ്ങേര്‍ക്ക് തോന്നാഞ്ഞത്. പൊലീസ് അസ്സോസ്സിയേഷനും നടത്തുന്നത് റെഡ് പൊലീസുകാരാണ് എന്നതിനാല്‍ അവര്‍ക്കും തോന്നില്ല. എന്നാലിതിനിരയാകുന്ന പൊലീസുകാര്‍ക്ക് മാത്രം തോന്നീട്ട് നടപ്പുമില്ല. അതിനാല്‍, കേസന്വേഷണം നടത്തല്‍ മാത്രമല്ല, പൊലീസ് സ്‌റ്റേഷന്‍ സംരക്ഷിത മേഖലയാക്കാനും മാധ്യമക്കാര്‍ പരിശ്രമിക്കട്ടെ. അല്ലെങ്കില്‍, ആശുപത്രിജീവനക്കാരെ തല്ലിയവര്‍ക്കെതിരെ കേസ്സെടുക്കുന്ന പൊലീസുകാരെ, സ്റ്റേഷനില്‍ക്കയറിത്തല്ലുന്നവരെ, എന്തുചെയ്യും?

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Friday, September 4, 2009

കുറ്റിപ്പുറത്തെ സ്പെഷ്യല്‍ റൂം

കോഴിക്കടയുമല്ല; കൊക്കക്കോളക്കടയുമല്ല !

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Sunday, August 30, 2009

ഉശിരന്‍ ഊണാശംസകള്‍

യോഗം യോഗമെന്ന് പറയുന്നത്, മൂന്നാലുപേര്‍ക്ക് മുന്നിലൊരാള്‍ മൈക്കുവച്ച് പ്രസംഗിക്കുന്നതിനെയല്ല എന്ന് ഒരു ചങ്ങാതി പറയാറുണ്ട്. ഓണക്കാലത്ത് യോഗമെന്നത് കിട്ടാനിടയില്ലാത്തത് കിട്ടുന്നതിനാണ് എന്ന് സാമാന്യേന പറയാം. മണ്ഡരി ബാധിച്ചുതുടങ്ങിയ-കേരം പോലൊരു, നോണ്‍ റെസിഡന്റ് കേരളൈറ്റിന് തിരുവോണത്തിന് നല്ലൊരു കേരളീയ ഊണ് തരപ്പെടുക എന്നത് ഒരു യോഗമെന്ന് കണക്കാക്കാം (സദ്യ മോഹിയ്ക്കല് അറയ്ക്കല്‍ ബീവിയെ മോഹിയ്ക്കുമ്പോലാകും).ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ടോ എന്ന് അളിയന്‍ ചോദിച്ചിരുന്നു. തിരുവോണത്തിന് നല്ലൊരു സദ്യ ഉണ്ണണമെങ്കില്‍ കൂട്ടുകാരിലാരുടെയെങ്കിലും വീട്ടില്‍പ്പോകണമെന്ന് നാട്ടില്‍ത്തന്നെയുള്ള അളിയന്‍ ഗദ്ഗദിക്കുകേം ചെയ്തു. ഇറച്ചിയും മീനും കറിവയ്ക്കാനേ പൊതുവേ നസ്രാണിപ്പെണ്‍പിള്ളേര്‍ക്ക് അറിയൂ. സുവോളജിയും നാച്ചുറല്‍ സയന്‍സുമൊക്കെപ്പഠിച്ചതല്ലാതെ, അവിയലോ നല്ല സാമ്പാറോ വയ്ക്കാന്‍ പഠിക്കാത്ത പെങ്ങളുടെ കുറ്റം എന്റേതും കൂടാണല്ലോ. പെണ്ണുകെട്ടുന്നത് അലങ്കാരമല്‍സ്യത്തെപ്പോലെ വളര്‍ത്താനോ, രൂപക്കൂട്ടില്‍ വച്ച് ആരാധിക്കാനോ അല്ലെന്ന് പെങ്ങളോട് നേരത്തേ പറഞ്ഞുകൊടുത്തുമില്ല. ഓണത്തിന് നാട്ടിലേക്ക് വരുന്നോ എന്ന അളിയന്റെ ചോദ്യത്തിന്, മാവേലി പോകുന്നേരം പറയുമ്പോലെ, അടുത്ത ഓണത്തിന് കൂടാം എന്നു പറഞ്ഞുവച്ചു. മറുനാട്ടില്‍ ജീവിക്കുന്നേരം ആഘോഷങ്ങള്‍ വരുമ്പോള്‍ ഭയക്കുന്നത് ഹോട്ടലുകള്‍ക്ക് അന്നേരം അവധിയായിരിക്കുമോ എന്നോര്‍ത്താണ്. അന്നാളുകളില്‍ മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ മനസ്സുതുറന്ന് പങ്കുചേരാനുമാവാറില്ല, ഒരു പായ്ക്കറ്റ് ഗുഡ് ‌ഡേയും പഴവും വെള്ളവുമായി പങ്കപ്പെടുകേം ചെയ്യാറുണ്ട്. നാട്ടിലായാലും മറുനാട്ടിലായാലും വിശേഷദിവസങ്ങളില്‍ വിശിഷ്ടാഹാരം കിട്ടുകയെന്നത് മൈക്കും മൈതാനവുമില്ലാത്ത ഒരു യോഗം തന്നെ. ഉള്ളവനാണ് ഇല്ലാത്തവന് കൊടുക്കാന്‍ വൈമനസ്യം. ഇല്ലാത്തത് ഇല്ലാത്തവന് കൊടുക്കുന്നതില്‍ 'എല്ലാരും ഒന്നുപോലെ' സൗമനസ്യക്കാരുമാണല്ലോ. ആ വകയില്‍ എല്ലാ കേരളീയര്‍ക്കും നേരുന്നു, ഉത്രാടപ്പിറ്റേന്ന് ഉശിരന്‍ ണാശംള്‍. ഊ..ഹൊയ് !

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, August 26, 2009

ഒരു പക്ഷിയ്ക്ക് രണ്ടുവെടി

ഓരോ വീട്ടിലും ഒരു കയറുല്‍പ്പന്നം എന്ന് കയര്‍ വികസനവകുപ്പ് വക പരസ്യം. ഇതിനിടെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടകളുടെ അവധിയുടെ എണ്ണം കുറയ്ക്കണമെന്ന ശുപാര്‍ശയും ഉണ്ട്. ഓണക്കാലത്തൊക്കെ വ്യാജമദ്യം കൂടുതലിറങ്ങാതിരിക്കാനാണെന്ന ന്യായം പറയുന്നുണ്ടെങ്കിലും, ബിവറേജസ്സുകാരുടെ വരുമാനം കൂട്ടാനാണിത്. ഇനി അവരുടേയും പരസ്യം വരാനിടയുണ്ട്, ഒരോ വീട്ടിലും ഒരു ബിവറേജസ് ഉത്പ്പന്നം എന്നെല്ലാം. അവധികുറച്ചുമൊക്കെ കച്ചവടം മെച്ചപ്പെടുത്തിയാല്‍ കുടിയന്റെ വീട്ടുകാര്‍ക്കിടയില്‍ കയറുല്‍പ്പന്നത്തിനും ചിലവുകൂടും. ഒരു പക്ഷിക്ക് രണ്ടു വെടി.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Saturday, August 22, 2009

മൂന്നടി മണ്ണും മൂന്നുരൂപ മെംബര്‍ഷിപ്പും

ചേരാത്തത് തമ്മില്‍ ചേരുന്നതാണ് ഹാസ്യത്തിന് നിദാനം എന്നൊരു ചൊല്ലുണ്ടല്ലോ. ചിലരുമായി ചേരുന്നതും, ചേരാന്‍ ചെന്നിട്ട് ചേര്‍ക്കാത്തതുമൊക്കെ ഈയിടയില്‍ കേരള രാഷ്ട്രീയട്രപ്പീസുകളിയിലെ കാണികളുടെ തമാശയും നേതാവെലിയുടെ മരണപ്പോരാട്ടവുമാണ് ഓര്‍മ്മിപ്പിച്ചത്. എവിടെച്ചെന്നാലും അവിടം കുഴിക്കുന്ന, കുഴിയാനഫോബിയ ഉള്ളവരുടെ, ഇപ്പോള്‍ എവിടേം കെട്ടാവുന്നത്ര മെലിഞ്ഞ നേതാവ്, എന്തിനാണ് ഒരോ കളവും മാറിച്ചവിട്ടുന്നത്? കൂടെനില്‍ക്കുന്നവര്‍ക്കുവേണ്ടിയാണ് ഗ്രൂപ്പുകളിച്ചത് എന്നാണ് അദ്ദേഹം പറയുന്നത് .കൂടെ നിന്നവരാരും കേരളസമൂഹം ഓര്‍ക്കത്തക്ക നല്ലതൊന്നും ചെയ്തിട്ടില്ല; സ്വന്തം പോക്കറ്റ് നിറയ്ക്കലേ നടത്തീട്ടുള്ളു. അവര്‍ക്ക് ഇനിയും പോക്കറ്റ് നിറയ്ക്കാനായി, പവറുള്ള സ്ഥാനം നേടാനാണ് ഈ വളയമില്ലാച്ചാട്ടമൊക്കെ.വെറുമൊരു മൂന്നുരൂപയുടെ മെംബര്‍ഷിപ്പ് മതിയെന്നു പറയുന്നത് വാമനന്റെ മൂന്നടി മണ്ണ് ചോദിക്കലുപോലാണ്. ഏതെങ്കിലും ഒരു മുന്നണിബന്ധമില്ലാതെ കേരളത്തില്‍ ജയിക്കാന്‍ സാധ്യമല്ല എന്ന് പറയുന്നതില്‍ നിന്നുതന്നെ മനസ്സിലാക്കാം, തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കാനാണ് കരുണാകരസുതന്‍ കോണ്‍ഗ്രസ്സിലേക്ക് കയറാന്‍ ഒരുമ്പെടുന്നതെന്ന്. കൂടാരത്തില്‍ തലകടത്താന്‍ ഇടം ചോദിക്കുന്ന ഒട്ടകത്തിനോട് സമവുമാണിത്. മക്കള്‍ ഒരേ സ്വഭാവം കാട്ടുന്നതിനാണല്ലോ കുടുംബസ്വഭാവമെന്ന് പറയുന്നത്. കേരളീയ വനിതാസമൂഹം നേരിടുന്ന പ്രയാസങ്ങളിലൊന്നും ഒപ്പമില്ലാത്തതും ഒരു ജാഥയ്ക്കുപോലും ഇറങ്ങാത്തതുമായ കരുണാകരപുത്രിയും ഒരു എം.പി.യെങ്കിലുമായെങ്കിലേ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കൂ എന്ന പ്രവര്‍ത്തനപഥത്തിലാണ്. ഈ രണ്ടുപേരുടേയും പൂതി വച്ചുനോക്കുമ്പോള്‍ മനസ്സിലാക്കാവുന്നത്, തഴമ്പ് പാരമ്പര്യമായി കിട്ടൂല്ലെങ്കിലും, അധികാരക്കൊതി പരമ്പരാഗതമായി കിട്ടുമെന്നാണ്. വിത്തു ഗുണം പത്തു ഗുണം. കഴിവുള്ള ആരേയും കേരള സമൂഹം വേണ്ടെന്ന് വക്കില്ല. പി.സി.ജോര്‍ജ്ജിനെപ്പോലെ പലരേയും സമൂഹത്തിന് ആവശ്യമുള്ള സമയവുമാണിത്. കഴിവില്ലാന്ന് സ്വയം ബോധ്യമായിട്ടും അധികാരത്തിനുപിന്നാലെ വാലും ചുരുട്ടി നടക്കുന്നവരെ ഒരിടത്തും അടുപ്പിക്കരുത്. ഇത്തിള്‍ക്കണ്ണികള്‍ ഒരു ഫലവും പുറപ്പെടുവിക്കില്ല; മുഖ്യധാരാസമൂഹത്തിന് ദോഷമേ ഉണ്ടാക്കൂ.സ്വയം രാഷ്ട്രീയപ്പണി ചെയ്ത് ജീവിക്കാനറിയില്ല, അതിനാല്‍ ആരെ വേണേല്‍ അപ്പാന്ന് വിളിക്കാം, അധികാരത്തിന്റെ അപ്പം മുട്ടാതിരിക്കണമെന്നേയുള്ളൂ എന്ന് നെറ്റിയേലെഴുതി നടക്കുന്നവരെ രാഷ്ട്രീയപാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തേണ്ടത് ആവശ്യമാണ്, അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാവും നരകത്തിലാവുക.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, August 18, 2009

സത്യം ബോധ്യപ്പെടുത്തുന്ന കള്ളമേവ ജയതേ!

അഭിഭാഷകവ്രുത്തി കലാപ്രവര്‍ത്തനമല്ലെന്നാണ് പ്രഥമദ്രുഷ്ട്യാ തോന്നുക. എന്നാല്‍, 'സത്യം ബോധ്യപ്പെടുത്തുന്ന കള്ളമാണ് കല' എന്ന് പിക്കാസൊ പറഞ്ഞതുവച്ച് നോക്കിയാല്‍, അഭിഭാഷകരും കലാകാരന്മാരാണ്. വ്യാജസ്ത്രീപീഢന ഹര്‍ജിയിലെ സംഭവവിവരണവും സംഭാഷണങ്ങളും ഇതിന് നല്ല തെളിവാണുതാനും. അഭിഭാഷകരുടെ ഭാവനാവികസനം ഉദ്യോഗപരമായ ഒരാവശ്യവുമായതിനാലാവാം, അവരുടെ സാഹിത്യ സാംസ്കാരിക സംഘടനയായ കേരള അഭിഭാഷകസാഹിത്യവേദി, അഖിലേന്ത്യാതലത്തില്‍ 'ചെറുകഥ', കവിത എന്നീ വിഭാഗങ്ങളില്‍ മത്സരം നടത്തുന്നത്. ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ മാത്രം 2009 സെപ്റ്റംബര്‍ 15 നകം, കണ്‍വീനര്‍, സാഹിത്യമത്സരക്കമ്മറ്റി, കേരള അഭിഭാഷകസാഹിത്യവേദി, എറണാകുളം-31 എന്ന വിലാസത്തില്‍, മലയാളഭാഷയില്‍ ഇതുവരെ വെളിച്ചപ്പെടുത്താന്‍ തരപ്പെടാത്ത "സത്യം ബോധ്യപ്പെടുത്തുന്ന കള്ള"സ്രുഷ്ടി , അയക്കുക. മൗലികവും പുതിയതുമായ അഭിഭാഷകസ്രുഷ്ടികള്‍ ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ; സി.വി.ശ്രീരാമന്റെയൊക്കെ ഒഴിവ് നികത്താനുമുണ്ടല്ലോ. സത്യം ബോധ്യപ്പെടുത്തുന്ന കള്ളമേവ ജയതേ!

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Friday, July 17, 2009

സ്വന്തം വര്‍ഗ്ഗം സിന്ദാബാദ് !

മുതിര്‍ന്നവരുടെ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗ്ഗരതി നിയമപരമായി കുറ്റമാക്കേണ്ടതില്ല എന്ന കോടതിനിരീക്ഷണം ഇപ്പോള്‍ ചര്‍ച്ചാവിഷയമാണല്ലോ. പരസ്പരസമ്മതത്തോടെയാണെങ്കിലും ആരുമായും സ്വവര്‍ഗ്ഗബന്ധം തെറ്റല്ലെന്നത്, ആ വകയില്‍ കുട്ടികളുണ്ടായി സമൂഹത്തിന് 'നിയമപ്രശ്നം' ഉണ്ടാക്കില്ലാ എന്നതിനാല്‍ ആണോന്ന് സന്ദേഹം. അല്ലെങ്കില്‍, പ്രായപൂര്‍ത്തിയായ എതിര്‍ലിംഗക്കാരുടെ ഉഭയസമ്മതത്തോടെയുള്ള ആശ്വാസപ്പെടലിലും തെറ്റുകാണരുതല്ലോ. നിയമപ്രകാരം ബന്ധിക്കപ്പെട്ട, എതിര്‍ലിംഗക്കാരുടെ ശാരീരികബന്ധം അംഗീകരിക്കപ്പെട്ടതാണല്ലോ. അതേപോലെ, അനുവദനീയമാകട്ടെ 'നിയമപ്രകാരം ബന്ധമുള്ള' സ്വവര്‍ഗ്ഗക്കാരുടെ ബന്ധപ്പെടലും. അതിനായി സ്വവര്‍ഗ്ഗവിവാഹം അനുവദിച്ച് നിയമവിധേയമാക്കുക. എങ്കില്‍ ഇപ്പോഴത്തേതുപോലെ, നിയമപരമായി ബന്ധിക്കപ്പെടാതെ- ബന്ധപ്പെടുന്നവരെ ശിക്ഷിക്കുന്ന രീതി, തുടരുകയുമാകാം. ആര്‍ക്കും ആരുമായും പരസ്പരസമ്മതത്തോടെ ഇടക്കാലാശ്വാസമാകാം എന്ന അപകടകരമായ സാമൂഹികസ്ഥിതി വ്യാപകമായുണ്ടാവുകയുമില്ല.
ജനസംഖ്യ കുറയ്ക്കാനുതകുകയും ശാരീരികസമാധാനത്തോടെ പരസ്പരം തുണയായി ജീവിയ്ക്കാന്‍ ഉതകുകയും ചെയ്യുമെന്നതിനാല്‍, സ്വവര്‍ഗ്ഗപ്രേമികളെ നിയമപരമായി വിവാഹിതരാകാന്‍ അനുവദിക്കുന്നത് നന്നാണ്. വിദ്യാഭ്യാസവും സാമ്പത്തികസ്വാതന്ത്ര്യവുമുള്ള വനിതകള്‍ക്കാവും ഇതേറെ ഗുണകരം. കുടിച്ച് കൂത്താടിനടന്ന തന്തയെക്കണ്ടൊക്കെ, ആണ്‍ജീവിയെ വെറുത്ത്, വിവാഹം വേണ്ടെന്നുവച്ച് കഴിയുന്നവര്‍ക്കും: വിവാഹമോചനം കഴിഞ്ഞ് ഭര്‍ത്രുകുലത്തെയൊക്കെ വെറുത്തിട്ടും ജഢികാഭിലാഷങ്ങളുമായി ജീവിക്കുന്നപോലിരിക്കുന്നവര്‍ക്കും, വയസ്സാംകാലത്ത് തുണയാകാനുമൊക്കെ ഒരാളുള്ളതിന് സ്വവര്‍ഗ്ഗവിവാഹം ഉപകരിയ്ക്കും. സുഖിയ്ക്കാന്‍ മാത്രമൊപ്പം എന്ന കാര്യം അനുവദിക്കാതിരിക്കാനും, പ്രായമേറിക്കഴിയുമ്പോള്‍ തുണയായി ഉണ്ടാകുമെന്ന് ഉറപ്പിക്കാനും, സ്വവര്‍ഗ്ഗാനുരാഗികളെ നിയമംകൊണ്ട് 'കെട്ടണം' .
നാലുതല ചേര്‍ന്നാലും സ്ത്രീകളുടെ രണ്ടുതലപോലും ചേരില്ല എന്നൊരു ചൊല്ലുണ്ടല്ലോ. 'തലതിരിഞ്ഞാല്‍' സ്ത്രീകളുടെ രണ്ടുതലപോലും ചേരും എന്നാക്കാം പുതിയ ചൊല്ല്.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Thursday, July 9, 2009

വരുമോരോദശ;

കോണ്‍ഗ്രസ്സുകാരേക്കാള്‍ എന്തിലും കേമന്‍മാരാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കാരെന്ന് പൊതുവേ ഒരു വിചാരമുണ്ട്. തമ്മില്‍ത്തല്ലില്‍ മാത്രമല്ല, അഴിമതിയില്‍പ്പോലും, കോണ്‍ഗ്രസ്സുകാരേക്കാള്‍ വളരെ മിടുക്കന്‍മാരാണവര്‍ എന്നിപ്പോള്‍ ആര്‍ക്കും സംശയമേയില്ല. എങ്കിലും, കൂട്ടത്തില്‍ക്കുത്തിന്റെ മേല്‍ക്കൈ കോണ്‍ഗ്രസ്സിന് തിരികെക്കിട്ടാനിട കാണുന്നു. നില്‍ക്കാത്തതുകൊണ്ട് , പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാത്രം തോല്‍ക്കാത്ത കരുണാകരപുത്രന്‍, കോണ്‍ഗ്രസ്സ്പാളയത്തില്‍ എത്തുന്നത് വൈകില്ല. ഗതികെട്ട് കാലേല്‍പ്പിടിച്ച് കരഞ്ഞാല്‍ എത്രകാലമാ കുടഞ്ഞുകളയുക; "കേരള നിയമസഭയില്‍ അംഗമാകാത്തതും സഭയെ അഭിമുഖീകരിക്കാത്തതുമായ ഏക മന്ത്രി" എന്ന റെക്കോഡുകാരനുമല്ലേ. മുരളീധരന്‍ കേരളരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലായാല്‍, മാര്‍ക്സിസ്റ്റ്കാലിലേയ്ക്ക് പോയ കൂട്ടത്തില്‍ക്കുത്തിക്കളിമന്ത്, കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചും വരും. പിന്നേം ജനത്തിന്റെ നല്ലഭാവിയും പുരോഗതിയും കുമ്പിളില്‍ത്തന്നെ. മെച്ചം മിമിക്രിക്കാര്‍ക്ക് മാത്രം.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Sunday, July 5, 2009

അനോണിയായ ഇട്ടൂപ്പ് !

അനോണികളുടെ ഭൂലോഗപാരകളെപ്പറ്റി മലയാളമനോരമ വാരാന്തപ്പതിപ്പില്‍ സുനീഷ് തോമസ് എഴുതിയത് ( 05 ജൂലൈ 09 ലെ യുവ) വായിച്ച അനോണികള്‍ക്ക് 'മാനഭയം' ലേശച്ചെ തുടങ്ങിയിരിക്കണു. ഭൂലോഗരല്ലെങ്കിലും കുടുംബശത്രുക്കള്‍ ഉള്ളതുകൊണ്ട് അനോണിയായപ്പോള്‍, പന്തം കൊളുത്തിപ്പട ഇവിടേയുമെങ്കില്‍, എവിടെപ്പോകും ഭൂലോഗമാതാവേ! പൊതുവെ, ടെക്കികളുടെ കുടുംബസ്വഭാവംതന്നെ അനോണികളുടെയാണ്. സാങ്കേതികവിദ്യയുടെ ഫലം അനുഭവിക്കാന്‍ സമൂഹത്തിലെ എല്ലാവരുമുണ്ട്. എന്നാല്‍ കലാകാരന്മാരെപ്പോലെതന്നെ, ഇല്ലാത്തതിനെ സ്വപ്നം കണ്ട്, ആ സ്വപ്നത്തിന് രൂപവും ജീവനുമേകി സമൂഹത്തിന് നല്കുന്നവരെ, സമൂഹം അറിയാറില്ല. എല്ലാവരും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, അത് ഉണ്ടാക്കിയത് ആരാണെന്നോ ഏത് കമ്പനിയാണെന്നോ,പൊതുവെ ആര്‍ക്കുമറിയില്ല എന്നത് ഒരുദാഹരണം.അക്കാര്യം പത്രമാസികകളിലൊന്നും എഴുതുന്നില്ല എന്നതാണ് ഇതിനൊരു കാരണം. എന്നാല്‍ ഏതെങ്കിലും സിനിമയിലോ ടെലിവിഷന്‍ സീരിയലിലോ അഭിനയിക്കുന്നവരേയും അവരുടെ കാറിനെപ്പറ്റിയുമൊക്കെ എഴുതിക്കാണുന്നുണ്ടുതാനും. ഉണ്ണാനും ഉടുക്കാനുമൊക്കെക്കൊടുത്ത് വളര്‍ത്തിയെടുത്ത മകള്, പുറകേനടന്ന് പത്തുപ്രാവശ്യം മോളേന്ന് വിളിച്ചവന്റെ കൂടെപ്പോകുന്നത് പോലാണിത്. സിനിമാക്കാരേയും ഇപ്പോഴത്തെ സാഹിത്യകാരന്മാരേയും പോലെ, പത്രങ്ങളിലൂടെ പേരുണ്ടാക്കിയാലേ ജീവിയ്ക്കാനുള്ള തുട്ടുകിട്ടൂ എന്ന് ടെക്കികള്‍ക്കില്ലാത്തത് വേറൊരു കാരണമാകാം. എന്നാല്‍ walkman-ന്റെ വില്പനയുടെ മുപ്പതാം വാര്‍ഷികം SONY ആഘോഷിച്ചൂ എന്നത് ശ്രദ്ധേയം. walkman-ന്റെ സ്രുഷ്ടാക്കളിലെ Nobutoshi Kihara, Shizuo Takashino എന്നൊക്കെയുള്ള പേരുകളും പുറത്തറിഞ്ഞു. അന്നേരവും walkman-ന്റെ ഒപ്പമുള്ളത് Nobutoshi Kiharaയുടെ ഫോട്ടോ അല്ല; 'തൊലിപ്പുറസുന്ദരി'യുടേതുമാത്രമാണ്. എന്നാലും, ഒട്ടുമില്ലാത്തതില്‍ ഭേദം ഇട്ടൂപ്പ്!

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, July 1, 2009

റെയ്ല്‍വേക്കാരുടെ ശ്രദ്ധയ്ക്ക് -2

എല്ലാ റെയ്ല്‍വേസ്റ്റേഷനിലുംതന്നെ സമയവിവരപ്പട്ടികയുണ്ട്. അതോടൊപ്പം സമീപത്തെ കുറച്ച് സ്റ്റേഷനുകളേയും ചേര്‍ത്തുള്ള ഒരു റൂട്ട്മാപ്പും കൂടി വയ്ക്കണം. കൂടാതെ, ഇവയ്ക്കടുത്തും പ്ലാറ്റ്ഫോമില്‍ ഒന്നുരണ്ടിടത്തും ഒരോ വടക്കുനോക്കിയന്ത്രം കൂടി സ്ഥാപിക്കണം. ഇത്രയുമൊക്കെ ആയാല്‍, ദിശമാറി ട്രെയ്ന്‍ കയറലും പിന്നെ തീവണ്ടീന്ന് ചാടലുമൊക്കെ കുറയ്ക്കാം; ഭാഷ അറിയാത്തിടത്തെ വലിയ സ്റ്റേഷനുകളിലെ യാത്രാക്കാലത്ത്, മറ്റുള്ളവരുടെ സഹായത്തിനായുള്ള പ്രയാസപ്പെടലും ഒഴിവാക്കാം. ഒട്ടേറെ ഭാഷകളും വൈവിധ്യവുമുള്ള നമ്മുടെ വലിയ രാജ്യത്ത് , ഈച്ചില ചെറിയ കാര്യങ്ങള്‍ നടപ്പാക്കിയാല്‍, തീവണ്ടിയാത്രാക്കാലത്തെ മനസ്സിലെ തീ കുറയ്ക്കാനാകും.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, June 30, 2009

പന്നിപ്പനി പിടിയ്ക്കാതിരിക്കാന്‍

ബുര്‍ഖ ഉപയോഗിക്കുക !?!

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Sunday, June 28, 2009

റെയ്ല്‍വേക്കാരുടെ ശ്രദ്ധയ്ക്ക്

റെയ്ല്‍വേസ്റ്റേഷനില്‍ പാളം കുറുകെക്കടക്കലിനിടെ യാത്രക്കാര്‍ തീവണ്ടിയിടിച്ച് മരിക്കുന്നത് സാധാരണമായിരിക്കുന്നു. സ്റ്റേഷനിലെ ഉയരമേറിയ ഓവര്‍ബ്രിഡ്ജ് കയറിയിറങ്ങല്‍ പ്രയാസമുള്ളകാര്യമാണ് ; പ്രത്യേകിച്ച് വ്രുദ്ധര്‍ക്കും ഏറെ ലഗ്ഗേജ് ഒപ്പമുള്ളവര്‍ക്കും. അതിനാലാണ് അത്തരക്കാര്‍ പാളം മുറിച്ചുകടക്കുന്നതും ശരീരം തുണ്ടമാകുന്നതും. സ്റ്റേഷനില്‍ ഇലക്ട്രിക് എസ്കലേറ്റര്‍ ഉണ്ടെങ്കില്‍ ഇതിനൊരു പരിഹാരമാകും. റെയ്ല്‍വേസ്റ്റേഷനില്‍ എപ്പോഴുംതന്നെ വൈദ്യുതി ഉണ്ട്, റെയ്ല്‍വേയ്ക്കിപ്പോള്‍ കോടിക്കണക്കിന് രൂപയുടെ ലാഭവുമുണ്ട്. അതിനാല്‍ ഓരോ സ്റ്റേഷനിലും ഒരു എസ്കലേറ്റര്‍ എങ്കിലും സ്ഥാപിക്കാവുന്നതേയുള്ളു. നിര്‍മ്മാണത്തിന് ഭാരിച്ച ചെലവ് വരുമെങ്കില്‍, കുറച്ചുകാലത്തേയ്ക്ക് അതിന് ടോള്‍ പിരിയ്ക്കാവുന്നതുമാണ്. ടോള്‍ പിരിച്ചിട്ടായാലും , എസ്കലേറ്റര്‍ ഒന്നെങ്കിലും ഒരോ റെയ്ല്‍വേസ്റ്റേഷനിലും ഉണ്ടാകുന്നത് , ഹ്രുദ്രോഗികള്‍ക്കും വ്രുദ്ധര്‍ക്കും മറ്റും വളരെ പ്രയോജനം ചെയ്യും. മെട്രോസ്റ്റേഷനുകളില്‍നിന്ന് ഇക്കാര്യം ആരംഭിയ്ക്കാം. റെയ്ല്‍വേക്കാര്‍ ആരെങ്കിലും ഇത് ശ്രദ്ധിയ്ക്കട്ടെ.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Wednesday, June 24, 2009

ടെസ്റ്റ്ട്യൂബ്ചിന്ത

ഉപകരണങ്ങള്‍ ഉണ്ടാക്കുകയും പരിഷ്ക്കരിക്കുകയും ചെയ്യുന്നു എന്നതാണ് മനുഷ്യനെ മറ്റുമൃഗങ്ങളില്‍നിന്ന് വ്യത്യസ്ഥനാക്കുന്നത് എന്നൊരു ചൊല്ലുണ്ട്. ഈച്ചൊല്ലുവച്ച് നോക്കിയാല്‍, നമ്മള്‍ ഭാരതീയരത്ര മനുഷ്യരല്ല എന്നു തോന്നും. ധാരാളം ഉപകരണങ്ങള്‍ നിത്യേന നമ്മള്‍ ഉപയോഗിക്കുന്നുണ്ട് .അവയില്ലാതെ നമുക്ക് ജീവിക്കാനാവാത്ത സ്ഥിതിയുമാണു് . എന്നാല്‍ നമ്മളുപയോഗിക്കുന്ന എത്ര ഉപകരണങ്ങളുണ്ട് സ്വദേശി ഡിസൈനായിട്ട് ? മിക്സി ഉപയോഗിക്കാത്ത ദിവസം പൊതുവെ ഇപ്പോഴാര്‍ക്കും ഉണ്ടാകില്ല. എന്നാല്‍ ഒരു ഇലക്ട്രിക് മോട്ടോറുവച്ച് മിക്സി ഉണ്ടാക്കാനും, വാഷിങ്ങ് മെഷീന്‍ ഉണ്ടാക്കാനുമൊക്കെയുള്ള തലേക്കണ്ണ് നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. നമ്മുടെ ആവശ്യത്തിനനുസരിച്ച് ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്യാനുളള രീതികളും സൗകര്യങ്ങളും ഇന്ത്യയില്‍ വളര്‍ത്തണം. ഇത്തിരിക്കുഞ്ഞന്‍ രാജ്യങ്ങളായ ജപ്പാനീന്നും ഇറ്റലീന്നുമൊക്കെ എത്രയോ പുതിയ റ്റൂള്‍സും മെഷീന്‍സുമാണ് ഇറങ്ങുന്നത്. ഇപ്പോഴും ജെസിബിയുടെ മാന്തലുകാണാന്‍ കേരളത്തില്‍ മാലോകരുണ്ട്. Industrial design രംഗത്ത് ഇന്ത്യയില്‍ വളരെക്കുറച്ച് പഠനസൗകര്യമേയുള്ളു. മുംബൈ ഐ.ഐ.റ്റി.യിലെ Industrial Design Centre ലും അഹമ്മദാബാദിലെ National Institute of Design ലുമൊക്കെയായിട്ട്. ഇവിടൊക്കെ അന്‍പതും അറുപതും പേര്‍ക്കൊക്കയേ പ്രവേശനം ഉള്ളൂ; വിദേശത്ത് ആയിരത്തിലേറെപ്പേര്‍ക്ക് പ്രവേശനമുണ്ട് .കൂടുതല്‍പേര്‍ക്ക് പഠനസൗകര്യം ഉണ്ടായാല്‍ വ്യവസായവളര്‍ച്ചയ്ക്ക് ഊന്നലു‌ണ്ടാകും. ഔപചാരികപഠനം ഇല്ലാത്തവരും കണ്ടുപിടുത്തങ്ങളും ഡിസൈനുകളും ചെയ്യുന്നുണ്ട്. അവാര്‍ഡ് കൊടുത്ത് പ്രശസ്തരാക്കി അക്കൂട്ടരെ പ്രോല്‍സാഹിപ്പിക്കണം. പുതിയ ടെക്നോളജി ഉപയോഗിച്ച് ബിസിനസ്സില്‍ വിജയിച്ചവര്‍ക്ക് Dell computersകാര് കൊടുക്കുന്ന Dell Small Business Excellence Award ഇത്തരത്തില്‍ നല്ലൊരു കാര്യമാണ്. ബുദ്ധിയുള്ളവന്,ഭൗതികപുരോഗതിയ്ക് ആവശ്യമായ വിദ്യാഭ്യാസവും, അത്തരം വിദ്യാഭ്യാസമുള്ളവന് പ്രവര്‍ത്തിക്കാന്‍ പ്രോല്‍സാഹനവും നല്‍കി, സമൂഹത്തിന്റെ അഭിവ്രുദ്ധിയ്ക്ക് ഉത്തോലകമാകാന്‍, കൂടുതല്‍ industrial design പഠനസൗകര്യം നമുക്കുണ്ടാകേണ്ടിയിരിക്കുന്നു.

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ

Wednesday, June 17, 2009

സമാധാനമുണ്ടായേനെ

ചിന്താശീലമില്ലാരുന്നേല്‍

Free Web Counter

സന്ദര്‍ശകര്‍ ഇതുവരെ