Sunday, August 30, 2009

ഉശിരന്‍ ഊണാശംസകള്‍

യോഗം യോഗമെന്ന് പറയുന്നത്, മൂന്നാലുപേര്‍ക്ക് മുന്നിലൊരാള്‍ മൈക്കുവച്ച് പ്രസംഗിക്കുന്നതിനെയല്ല എന്ന് ഒരു ചങ്ങാതി പറയാറുണ്ട്. ഓണക്കാലത്ത് യോഗമെന്നത് കിട്ടാനിടയില്ലാത്തത് കിട്ടുന്നതിനാണ് എന്ന് സാമാന്യേന പറയാം. മണ്ഡരി ബാധിച്ചുതുടങ്ങിയ-കേരം പോലൊരു, നോണ്‍ റെസിഡന്റ് കേരളൈറ്റിന് തിരുവോണത്തിന് നല്ലൊരു കേരളീയ ഊണ് തരപ്പെടുക എന്നത് ഒരു യോഗമെന്ന് കണക്കാക്കാം (സദ്യ മോഹിയ്ക്കല് അറയ്ക്കല്‍ ബീവിയെ മോഹിയ്ക്കുമ്പോലാകും).ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ടോ എന്ന് അളിയന്‍ ചോദിച്ചിരുന്നു. തിരുവോണത്തിന് നല്ലൊരു സദ്യ ഉണ്ണണമെങ്കില്‍ കൂട്ടുകാരിലാരുടെയെങ്കിലും വീട്ടില്‍പ്പോകണമെന്ന് നാട്ടില്‍ത്തന്നെയുള്ള അളിയന്‍ ഗദ്ഗദിക്കുകേം ചെയ്തു. ഇറച്ചിയും മീനും കറിവയ്ക്കാനേ പൊതുവേ നസ്രാണിപ്പെണ്‍പിള്ളേര്‍ക്ക് അറിയൂ. സുവോളജിയും നാച്ചുറല്‍ സയന്‍സുമൊക്കെപ്പഠിച്ചതല്ലാതെ, അവിയലോ നല്ല സാമ്പാറോ വയ്ക്കാന്‍ പഠിക്കാത്ത പെങ്ങളുടെ കുറ്റം എന്റേതും കൂടാണല്ലോ. പെണ്ണുകെട്ടുന്നത് അലങ്കാരമല്‍സ്യത്തെപ്പോലെ വളര്‍ത്താനോ, രൂപക്കൂട്ടില്‍ വച്ച് ആരാധിക്കാനോ അല്ലെന്ന് പെങ്ങളോട് നേരത്തേ പറഞ്ഞുകൊടുത്തുമില്ല. ഓണത്തിന് നാട്ടിലേക്ക് വരുന്നോ എന്ന അളിയന്റെ ചോദ്യത്തിന്, മാവേലി പോകുന്നേരം പറയുമ്പോലെ, അടുത്ത ഓണത്തിന് കൂടാം എന്നു പറഞ്ഞുവച്ചു. മറുനാട്ടില്‍ ജീവിക്കുന്നേരം ആഘോഷങ്ങള്‍ വരുമ്പോള്‍ ഭയക്കുന്നത് ഹോട്ടലുകള്‍ക്ക് അന്നേരം അവധിയായിരിക്കുമോ എന്നോര്‍ത്താണ്. അന്നാളുകളില്‍ മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ മനസ്സുതുറന്ന് പങ്കുചേരാനുമാവാറില്ല, ഒരു പായ്ക്കറ്റ് ഗുഡ് ‌ഡേയും പഴവും വെള്ളവുമായി പങ്കപ്പെടുകേം ചെയ്യാറുണ്ട്. നാട്ടിലായാലും മറുനാട്ടിലായാലും വിശേഷദിവസങ്ങളില്‍ വിശിഷ്ടാഹാരം കിട്ടുകയെന്നത് മൈക്കും മൈതാനവുമില്ലാത്ത ഒരു യോഗം തന്നെ. ഉള്ളവനാണ് ഇല്ലാത്തവന് കൊടുക്കാന്‍ വൈമനസ്യം. ഇല്ലാത്തത് ഇല്ലാത്തവന് കൊടുക്കുന്നതില്‍ 'എല്ലാരും ഒന്നുപോലെ' സൗമനസ്യക്കാരുമാണല്ലോ. ആ വകയില്‍ എല്ലാ കേരളീയര്‍ക്കും നേരുന്നു, ഉത്രാടപ്പിറ്റേന്ന് ഉശിരന്‍ ണാശംള്‍. ഊ..ഹൊയ് !

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Wednesday, August 26, 2009

ഒരു പക്ഷിയ്ക്ക് രണ്ടുവെടി

ഓരോ വീട്ടിലും ഒരു കയറുല്‍പ്പന്നം എന്ന് കയര്‍ വികസനവകുപ്പ് വക പരസ്യം. ഇതിനിടെ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യക്കടകളുടെ അവധിയുടെ എണ്ണം കുറയ്ക്കണമെന്ന ശുപാര്‍ശയും ഉണ്ട്. ഓണക്കാലത്തൊക്കെ വ്യാജമദ്യം കൂടുതലിറങ്ങാതിരിക്കാനാണെന്ന ന്യായം പറയുന്നുണ്ടെങ്കിലും, ബിവറേജസ്സുകാരുടെ വരുമാനം കൂട്ടാനാണിത്. ഇനി അവരുടേയും പരസ്യം വരാനിടയുണ്ട്, ഒരോ വീട്ടിലും ഒരു ബിവറേജസ് ഉത്പ്പന്നം എന്നെല്ലാം. അവധികുറച്ചുമൊക്കെ കച്ചവടം മെച്ചപ്പെടുത്തിയാല്‍ കുടിയന്റെ വീട്ടുകാര്‍ക്കിടയില്‍ കയറുല്‍പ്പന്നത്തിനും ചിലവുകൂടും. ഒരു പക്ഷിക്ക് രണ്ടു വെടി.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Saturday, August 22, 2009

മൂന്നടി മണ്ണും മൂന്നുരൂപ മെംബര്‍ഷിപ്പും

ചേരാത്തത് തമ്മില്‍ ചേരുന്നതാണ് ഹാസ്യത്തിന് നിദാനം എന്നൊരു ചൊല്ലുണ്ടല്ലോ. ചിലരുമായി ചേരുന്നതും, ചേരാന്‍ ചെന്നിട്ട് ചേര്‍ക്കാത്തതുമൊക്കെ ഈയിടയില്‍ കേരള രാഷ്ട്രീയട്രപ്പീസുകളിയിലെ കാണികളുടെ തമാശയും നേതാവെലിയുടെ മരണപ്പോരാട്ടവുമാണ് ഓര്‍മ്മിപ്പിച്ചത്. എവിടെച്ചെന്നാലും അവിടം കുഴിക്കുന്ന, കുഴിയാനഫോബിയ ഉള്ളവരുടെ, ഇപ്പോള്‍ എവിടേം കെട്ടാവുന്നത്ര മെലിഞ്ഞ നേതാവ്, എന്തിനാണ് ഒരോ കളവും മാറിച്ചവിട്ടുന്നത്? കൂടെനില്‍ക്കുന്നവര്‍ക്കുവേണ്ടിയാണ് ഗ്രൂപ്പുകളിച്ചത് എന്നാണ് അദ്ദേഹം പറയുന്നത് .കൂടെ നിന്നവരാരും കേരളസമൂഹം ഓര്‍ക്കത്തക്ക നല്ലതൊന്നും ചെയ്തിട്ടില്ല; സ്വന്തം പോക്കറ്റ് നിറയ്ക്കലേ നടത്തീട്ടുള്ളു. അവര്‍ക്ക് ഇനിയും പോക്കറ്റ് നിറയ്ക്കാനായി, പവറുള്ള സ്ഥാനം നേടാനാണ് ഈ വളയമില്ലാച്ചാട്ടമൊക്കെ.വെറുമൊരു മൂന്നുരൂപയുടെ മെംബര്‍ഷിപ്പ് മതിയെന്നു പറയുന്നത് വാമനന്റെ മൂന്നടി മണ്ണ് ചോദിക്കലുപോലാണ്. ഏതെങ്കിലും ഒരു മുന്നണിബന്ധമില്ലാതെ കേരളത്തില്‍ ജയിക്കാന്‍ സാധ്യമല്ല എന്ന് പറയുന്നതില്‍ നിന്നുതന്നെ മനസ്സിലാക്കാം, തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കാനാണ് കരുണാകരസുതന്‍ കോണ്‍ഗ്രസ്സിലേക്ക് കയറാന്‍ ഒരുമ്പെടുന്നതെന്ന്. കൂടാരത്തില്‍ തലകടത്താന്‍ ഇടം ചോദിക്കുന്ന ഒട്ടകത്തിനോട് സമവുമാണിത്. മക്കള്‍ ഒരേ സ്വഭാവം കാട്ടുന്നതിനാണല്ലോ കുടുംബസ്വഭാവമെന്ന് പറയുന്നത്. കേരളീയ വനിതാസമൂഹം നേരിടുന്ന പ്രയാസങ്ങളിലൊന്നും ഒപ്പമില്ലാത്തതും ഒരു ജാഥയ്ക്കുപോലും ഇറങ്ങാത്തതുമായ കരുണാകരപുത്രിയും ഒരു എം.പി.യെങ്കിലുമായെങ്കിലേ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കൂ എന്ന പ്രവര്‍ത്തനപഥത്തിലാണ്. ഈ രണ്ടുപേരുടേയും പൂതി വച്ചുനോക്കുമ്പോള്‍ മനസ്സിലാക്കാവുന്നത്, തഴമ്പ് പാരമ്പര്യമായി കിട്ടൂല്ലെങ്കിലും, അധികാരക്കൊതി പരമ്പരാഗതമായി കിട്ടുമെന്നാണ്. വിത്തു ഗുണം പത്തു ഗുണം. കഴിവുള്ള ആരേയും കേരള സമൂഹം വേണ്ടെന്ന് വക്കില്ല. പി.സി.ജോര്‍ജ്ജിനെപ്പോലെ പലരേയും സമൂഹത്തിന് ആവശ്യമുള്ള സമയവുമാണിത്. കഴിവില്ലാന്ന് സ്വയം ബോധ്യമായിട്ടും അധികാരത്തിനുപിന്നാലെ വാലും ചുരുട്ടി നടക്കുന്നവരെ ഒരിടത്തും അടുപ്പിക്കരുത്. ഇത്തിള്‍ക്കണ്ണികള്‍ ഒരു ഫലവും പുറപ്പെടുവിക്കില്ല; മുഖ്യധാരാസമൂഹത്തിന് ദോഷമേ ഉണ്ടാക്കൂ.സ്വയം രാഷ്ട്രീയപ്പണി ചെയ്ത് ജീവിക്കാനറിയില്ല, അതിനാല്‍ ആരെ വേണേല്‍ അപ്പാന്ന് വിളിക്കാം, അധികാരത്തിന്റെ അപ്പം മുട്ടാതിരിക്കണമെന്നേയുള്ളൂ എന്ന് നെറ്റിയേലെഴുതി നടക്കുന്നവരെ രാഷ്ട്രീയപാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തേണ്ടത് ആവശ്യമാണ്, അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാവും നരകത്തിലാവുക.

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

Tuesday, August 18, 2009

സത്യം ബോധ്യപ്പെടുത്തുന്ന കള്ളമേവ ജയതേ!

അഭിഭാഷകവ്രുത്തി കലാപ്രവര്‍ത്തനമല്ലെന്നാണ് പ്രഥമദ്രുഷ്ട്യാ തോന്നുക. എന്നാല്‍, 'സത്യം ബോധ്യപ്പെടുത്തുന്ന കള്ളമാണ് കല' എന്ന് പിക്കാസൊ പറഞ്ഞതുവച്ച് നോക്കിയാല്‍, അഭിഭാഷകരും കലാകാരന്മാരാണ്. വ്യാജസ്ത്രീപീഢന ഹര്‍ജിയിലെ സംഭവവിവരണവും സംഭാഷണങ്ങളും ഇതിന് നല്ല തെളിവാണുതാനും. അഭിഭാഷകരുടെ ഭാവനാവികസനം ഉദ്യോഗപരമായ ഒരാവശ്യവുമായതിനാലാവാം, അവരുടെ സാഹിത്യ സാംസ്കാരിക സംഘടനയായ കേരള അഭിഭാഷകസാഹിത്യവേദി, അഖിലേന്ത്യാതലത്തില്‍ 'ചെറുകഥ', കവിത എന്നീ വിഭാഗങ്ങളില്‍ മത്സരം നടത്തുന്നത്. ബാര്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ളവര്‍ മാത്രം 2009 സെപ്റ്റംബര്‍ 15 നകം, കണ്‍വീനര്‍, സാഹിത്യമത്സരക്കമ്മറ്റി, കേരള അഭിഭാഷകസാഹിത്യവേദി, എറണാകുളം-31 എന്ന വിലാസത്തില്‍, മലയാളഭാഷയില്‍ ഇതുവരെ വെളിച്ചപ്പെടുത്താന്‍ തരപ്പെടാത്ത "സത്യം ബോധ്യപ്പെടുത്തുന്ന കള്ള"സ്രുഷ്ടി , അയക്കുക. മൗലികവും പുതിയതുമായ അഭിഭാഷകസ്രുഷ്ടികള്‍ ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ; സി.വി.ശ്രീരാമന്റെയൊക്കെ ഒഴിവ് നികത്താനുമുണ്ടല്ലോ. സത്യം ബോധ്യപ്പെടുത്തുന്ന കള്ളമേവ ജയതേ!

Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ