യോഗം യോഗമെന്ന് പറയുന്നത്, മൂന്നാലുപേര്‍ക്ക് മുന്നിലൊരാള്‍ മൈക്കുവച്ച് പ്രസംഗിക്കുന്നതിനെയല്ല എന്ന് ഒരു ചങ്ങാതി പറയാറുണ്ട്. ഓണക്കാലത്ത് യോഗമെന്നത് കിട്ടാനിടയില്ലാത്തത് കിട്ടുന്നതിനാണ് എന്ന് സാമാന്യേന പറയാം. മണ്ഡരി ബാധിച്ചുതുടങ്ങിയ-കേരം പോലൊരു, നോണ്‍ റെസിഡന്റ് കേരളൈറ്റിന് തിരുവോണത്തിന് നല്ലൊരു കേരളീയ ഊണ് തരപ്പെടുക എന്നത് ഒരു യോഗമെന്ന് കണക്കാക്കാം (സദ്യ മോഹിയ്ക്കല് അറയ്ക്കല്‍ ബീവിയെ മോഹിയ്ക്കുമ്പോലാകും).ഓണത്തിന് നാട്ടിലേക്ക് വരുന്നുണ്ടോ എന്ന് അളിയന്‍ ചോദിച്ചിരുന്നു. തിരുവോണത്തിന് നല്ലൊരു സദ്യ ഉണ്ണണമെങ്കില്‍ കൂട്ടുകാരിലാരുടെയെങ്കിലും വീട്ടില്‍പ്പോകണമെന്ന് നാട്ടില്‍ത്തന്നെയുള്ള അളിയന്‍ ഗദ്ഗദിക്കുകേം ചെയ്തു. ഇറച്ചിയും മീനും കറിവയ്ക്കാനേ പൊതുവേ നസ്രാണിപ്പെണ്‍പിള്ളേര്‍ക്ക് അറിയൂ. സുവോളജിയും നാച്ചുറല്‍ സയന്‍സുമൊക്കെപ്പഠിച്ചതല്ലാതെ, അവിയലോ നല്ല സാമ്പാറോ വയ്ക്കാന്‍ പഠിക്കാത്ത പെങ്ങളുടെ കുറ്റം എന്റേതും കൂടാണല്ലോ. പെണ്ണുകെട്ടുന്നത് അലങ്കാരമല്‍സ്യത്തെപ്പോലെ വളര്‍ത്താനോ, രൂപക്കൂട്ടില്‍ വച്ച് ആരാധിക്കാനോ അല്ലെന്ന് പെങ്ങളോട് നേരത്തേ പറഞ്ഞുകൊടുത്തുമില്ല. ഓണത്തിന് നാട്ടിലേക്ക് വരുന്നോ എന്ന അളിയന്റെ ചോദ്യത്തിന്, മാവേലി പോകുന്നേരം പറയുമ്പോലെ, അടുത്ത ഓണത്തിന് കൂടാം എന്നു പറഞ്ഞുവച്ചു. മറുനാട്ടില്‍ ജീവിക്കുന്നേരം ആഘോഷങ്ങള്‍ വരുമ്പോള്‍ ഭയക്കുന്നത് ഹോട്ടലുകള്‍ക്ക് അന്നേരം അവധിയായിരിക്കുമോ എന്നോര്‍ത്താണ്. അന്നാളുകളില്‍ മറ്റുള്ളവരുടെ ആഘോഷങ്ങളില്‍ മനസ്സുതുറന്ന് പങ്കുചേരാനുമാവാറില്ല, ഒരു പായ്ക്കറ്റ് ഗുഡ് ഡേയും പഴവും വെള്ളവുമായി പങ്കപ്പെടുകേം ചെയ്യാറുണ്ട്. നാട്ടിലായാലും മറുനാട്ടിലായാലും വിശേഷദിവസങ്ങളില്‍ വിശിഷ്ടാഹാരം കിട്ടുകയെന്നത് മൈക്കും മൈതാനവുമില്ലാത്ത ഒരു യോഗം തന്നെ. ഉള്ളവനാണ് ഇല്ലാത്തവന് കൊടുക്കാന്‍ വൈമനസ്യം. ഇല്ലാത്തത് ഇല്ലാത്തവന് കൊടുക്കുന്നതില്‍ 'എല്ലാരും ഒന്നുപോലെ' സൗമനസ്യക്കാരുമാണല്ലോ. ആ വകയില്‍ എല്ലാ കേരളീയര്‍ക്കും നേരുന്നു, ഉത്രാടപ്പിറ്റേന്ന് ഉശിരന്‍ ഊണാശംസകള്‍. ഊ..ഹൊയ് !
സന്ദര്‍ശകര്‍ ഇതുവരെ
തിരിച്ചും
ReplyDeleteഊണാശംസകള്‍.
ഈ ബാച്ചിലേറ്സിന്റെ ഒരോ പ്രോബ്ലംസേ!
ReplyDeleteകേരളത്തിനു പുറത്തുവന്നാൾ പൊതുവേ എല്ലാവരും ഭക്ഷണകാര്യതിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതു കാണാറുണ്ട്. ഒന്നു പരീക്ഷിച്ചു നോക്കാം അടുത്ത ഓണം വരുംബൊളേക്കും!
നന്നായി എഴുതിയിരിക്കുന്നു. നല്ല ഹുമർ.