Sunday, May 9, 2010

രണ്ടുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞൊരു ചിന്ത

2008 മെയ് 9ന് 'ചെകുത്താന്‍ (ഭാര്യ)' എന്ന പോസ്റ്റ് പബ്ലിഷോടെ ഈ ബ്ലോഗിംഗ് തുടങ്ങിയിട്ട് ഇന്ന് രണ്ടുവര്‍ഷം തികഞ്ഞു. Twitter എന്ന മൈക്രോബ്ലോഗിംഗ് പ്രശസ്തമാവുന്നതിനുമുന്നേ, അതേ 'ചെറുപ്പ'ത്തോടെയിരിക്കട്ടെ എന്ന വിചാരത്തിനാലാണ് 'ശകലം'-ചിന്ത എന്ന പേരുണ്ടായത്. 'ചിന്താ-ശകല'ത്തിന്റെ തല തിരിഞ്ഞ ചിന്തയുമതിലുണ്ട്.  "എന്റെ പിറകേ വരുന്നവന്റെ ചെരുപ്പിന്റെ വാറഴിയ്ക്കാന്‍ ഞാന്‍ യോഗ്യനല്ല" എന്ന സ്നാപകയോഹന്നാന്റെ പറച്ചിലിന്റേയും, എന്റെ പിറകേ വരുന്നവന്‍ എന്റെ ചെരുപ്പിന്റെ വാറഴിയ്ക്കാന്‍ യോഗ്യനല്ല എന്ന ഇക്കാലത്തെ പറച്ചിലിന്റേയും വ്യാസത്തിന് പുറത്തുള്ളൊരു ചിന്തയാണിതില്‍ പ്രകടിപ്പിക്കാറ്. ഈ ബ്ലോഗിംഗ് മൂലം സന്തോഷിക്കാന്‍ കുറച്ചൊക്കെ ഉണ്ടെങ്കിലും ഇല്ലാത്ത കമന്റ് ഡിലീറ്റ് ചെയ്തെന്ന 'എന്തരോ'  ചിന്തയാല്‍ ഒരു മഹിളാമണിയുടെ കോപിച്ചുള്ള അനോണിമസ് കമന്റാണ് ഈ ബ്ലോഗെഴുത്തിന്റെ വേദനിപ്പിക്കുന്ന ഒരോര്‍മ്മ. പൊതുവേ നര്‍മ്മബോധം കുറവുള്ളവരാണ് നാരീമണികള്‍. ഇക്കാര്യം എളുപ്പം മനസ്സിലാക്കാം, കാര്‍ട്ടൂണ്‍വരക്കാരില്‍ എത്ര സ്ത്രീകള്‍ ഉണ്ടെന്ന് ദേശീയമായോ അന്തര്‍ദ്ദേശീയമായോ ഒന്ന് ആലോചിച്ചുനോക്കിയാല്‍. ഇല്ലാത്തത് ഉണ്ടെന്ന് വിചാരിക്കുന്നവരോട് ഇല്ലാത്തത് ഇല്ലെന്ന് പറയുമ്പോള്‍ ചൂടായേക്കും എന്ന് അനുഭവം. ഒരുവനാത്മസുഖത്തിനായ് ചെയ്യുന്നത് അപരന് ഗുണമായി വരേണമെന്നുള്ള ശ്രീനാരായണഗുരുവിന്റെ വചനങ്ങളുടെ അരികുപറ്റിയുള്ള എഴുത്താവണമിതെന്നാണ് വിചാരം. ഒരുമാസം എട്ടുപോസ്റ്റില്‍ തുടങ്ങിയത് ഇപ്പോള്‍ ഒന്നിലോ രണ്ടിലോ ഒന്നുമില്ലായ്മയിലോ എത്തിയിരിക്കുന്നത് ബ്ലോഗിംഗില്‍ നിന്ന് വളഞ്ഞ് യൂടൂബിലേയ്ക്ക് ഒഴിവുനേരം അപ്‌ലോഡ് ചെയ്യപ്പെടുന്നതിനാലും പ്രായമേറുന്തോറും മനസ്സിന്റെ വലുപ്പം കുറഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ ചിന്തകള്‍ക്ക് മേയാന്‍ വേണ്ടത്ര ഇടമില്ലാത്തതിനാലുമാകാം.

Free Web Counter 
സന്ദര്‍ശകര്‍ ഇതുവരെ

No comments:

Post a Comment