Thursday, May 14, 2009

നിക്രുഷ്ടജീവീഫലം

2009ലെ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പിന്റെ ഫലം അറിയാറാകുന്നു. കേരളത്തില്‍ സിപിയെമ്മിന്റെ കഴിഞ്ഞ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഫലവുമാവുമത്‌. അവര്‍, മൂന്ന് എംപിമാരെന്ന പഴയ സ്ഥിതിയിലേക്ക്‌ ചുരുങ്ങാനാണ്‌ സാധ്യത. അത്‌ അവരുടെ നിക്രുഷ്ടമായ പ്രവൃത്തികളുടെ ഫലവുമാവും. കുറച്ചുകാലമായിട്ട്‌ കേരളത്തില്‍ രാഷ്ട്രീയഅക്രമങ്ങള്‍ വ്യാപകമായി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക്‌ എതിരേ പറയുന്നവരെ തല്ലിയൊതുക്കുന്ന രീതി വളരെ നിക്രുഷ്ടമാണ്‌. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുമായുള്ള സഹവാസം, പുലിപ്പുറത്തെ യാത്ര പോലാണെന്ന് പറയാറുണ്ട്‌. പുലിയെ ഉപദ്രവിച്ചാലോ പുലിപ്പുറത്തുനിന്ന് ഇറങ്ങിയാലോ, പുലി തന്നെ യാത്രികന്റെ കഥകഴിക്കും. ഒറ്റപ്പാലത്ത്‌ വാണിയംകുളം പഞ്ചായത്തിലെ മുന്‍ സിപിയെംകാരന്‍ എം.ആര്‍.മുരളിയെ മെയ്‌ 11ന്‌ പട്ടാപ്പകല്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ഡിവൈഎഫ്‌ഐക്കാര്‍ നടത്തിയ തല്ലിയൊതുക്കല്‍ തന്നെ പുതിയ ഉദാഹരണം. സമത്വം, സാഹോദര്യം എന്നതൊക്കെ മുദ്രാവാക്യം വിളിയിലേ ഉള്ളൂ. എതിരായ ആശയക്കാരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത്‌ വളരെ ദോഷം വരുത്തുന്ന കാര്യമാണ്‌. നമ്മുടെ സ്വാതന്ത്ര്യവും സമാധാനവും നഷ്ടപ്പെടുത്തുമത്‌.
പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പുഫലം പിണറായിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കും. സഹിഷ്ണുതയില്ലാത്ത ഈ നേതാവ്‌ കേരളത്തിന്‌ നല്ലതല്ല. കുറച്ചുകാലം മുന്‍പ്‌ പിണറായിക്കെതിരെ മാത്രുഭൂമിപത്രം എഴുതിയതിനേത്തുടര്‍ന്ന്, തിരുവനന്തപുരത്തെ പ്രധാനവഴിയിലുള്ള യൂണിവേഴ്സിറ്റികോളേജിന്റെ മതിലില്‍, "മാത്രുഭൂമി കേരളത്തിന്റെ യഥാര്‍ത്ഥ 'മഞ്ഞപ്പത്രം' " എന്നൊക്കെ പോസ്റ്ററെഴുതി ഒട്ടിച്ചിരുന്നു. പുലിപ്പേടികാരണമാകും, ഒരു പ്രമുഖ പത്രത്തോടുള്ള മോശമായപ്രതികരണത്തിന്‌ എതിരേ അന്നാരും പ്രതികരിച്ചുകണ്ടില്ല. ഇപ്പോള്‍, പോസ്റ്ററെഴുത്തും, രാത്രിയില്‍ കല്ലെറിയലും, വാഹനം നശിപ്പിക്കലും കഴിഞ്ഞ്‌, പട്ടാപ്പകല്‌ പോലീസിനുമുന്നിലിട്ടുതന്നെ തല്ലുന്ന, വളരെ മോശം സ്ഥിതിയായി. പോലീസുകാരെ നോക്കുകുത്തികളാക്കി, പോലീസുപിടിച്ചാല്‍ത്തന്നെ സ്റ്റേഷനീന്ന് മോചിപ്പിക്കലും പതിവായി. നിയമവാഴ്ച്ച നശിപ്പിക്കുന്നത്‌ ഒത്തിരി ദുരനുഭവങ്ങളുടെ മുന്നോടിയാണ്‌.
കത്തോലിക്കപുരോഹിതര്‍ നല്ല നേത്രുത്വഗുണവും ബൈബിളിനുപുറത്തും വിവരമുള്ളവരുമാണ്‌. എന്നാല്‍ ഇടയലേഖനങ്ങളിലൂടേയും പ്രസംഗങ്ങളിലൂടെയും അവര്‍ പറയുന്ന കാര്യങ്ങളെല്ലാം അനുസരിച്ചുജീവിക്കുന്നവരല്ല കത്തോലിക്കര്‍. മദ്യപാനവും കുടുംബാസൂത്രണവും ഉദാഹരണങ്ങള്‍. സ്വാഭാവികമായ മാര്‍ഗ്ഗങ്ങളിലൂടെയല്ലാതെയുള്ള സന്താനനിയന്ത്രണം പാടില്ലെന്ന് സഭ പറയുന്നെങ്കിലും വളരെ വിരളമായ കത്തോലിക്ക ഭാര്യാഭര്‍ത്താക്കളേ കുടുംബാസൂത്രണശസ്ത്രക്രിയ ചെയ്യാത്തവരായുണ്ടാകൂ. എന്നാല്‍ ബിഷപ്പിനെയൊക്കെ നിക്രുഷ്ടജീവിയെന്നൊക്കെ വിളിക്കുന്നത്ര ദാര്‍ഷ്ട്യം ആരും ഇഷ്ടപ്പെടില്ല. ക്രിസ്തീയസമൂഹത്തെയാകെ പുഛിക്കലാണത്‌. ബിഷപ്പിനെയൊക്കെ എന്തുചീത്തയും പരസ്യമായി പറയാമെന്നുമൊക്കെയുള്ള മാന്യമല്ലാത്ത രീതിയുടെ ഫലം ഈതിരഞ്ഞെടുപ്പുഫലം വെളിവാക്കും. ഇത്‌ ക്രിസ്ത്യാനികളുടെ മാത്രം പ്രതികരണമാവില്ല. സമൂഹത്തില്‍ അന്തസ്സോടേയും മാന്യതയോടേയും ജീവിക്കണമെന്നുള്ളവരുടെയൊക്കെ പ്രതികരണമാവുമത്‌.
Free Web Counter
സന്ദര്‍ശകര്‍ ഇതുവരെ

2 comments:

  1. അതറിയില്ലേ ....
    പിണറായി ആണ് കേരളത്തിന്റെ രാജാവ്...!!!

    ReplyDelete
  2. കക്ഷത്തിൽ ഇരുന്നതു പോകേം ചെയ്തു ഉത്തരത്തിൽ(പൊന്നാനി)ഇരുന്നതു കിട്ടിയതുമില്ല.പിണറായി വിജയം കഥകളി അവസാന ദിവസം.

    ReplyDelete