Sunday, December 7, 2008

മെല്ലെയും മെല്ലേയും

"ഒരുകുടന്നനിലാവിണ്റ്റെ കുളിരുകോരി നെറുകയില്‍ അരുമയായ്‌ കുടഞ്ഞ" പോലുള്ള രണ്ടുസിനിമാപ്പാട്ടുകള്‍ ആരംഭിക്കുന്നത്‌ 'മെല്ലെ'യിലാണ്‌. മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ, അല്ലിയാമ്പല്‍ പൂവിനെത്തൊട്ടുണര്‍ത്തീ എന്നു തുടങ്ങുന്ന പാട്ടാണതിലൊന്ന്‌. സിനിമാപ്പാട്ടിണ്റ്റെ പരിചിതമായ രീതികളില്‍നിന്ന്‌ വ്യത്യസ്ഥവും വളരെയേറെ ഗ്രാമീണ്യമായ ഈണവുമുള്ള ഈപ്പാട്ട്‌ ശ്രീ ജോണ്‍സണ്റ്റെ സ്രുഷ്ടിയായി, ഒരുമിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടമെന്ന ചിത്രത്തിലേതാണ്‌. ഈണത്തിന്‌ സുഗന്ധം ചേര്‍ക്കുന്ന സരളമായ ഓര്‍ക്കസ്ട്രേഷന്‍ ഉടുപ്പിച്ച്‌, ശാലീനയായ ഒരു സുന്ദരിപ്പാട്ടാക്കി ജോണ്‍സണിതിനെ. "ആരോരുമറിയാതൊരാത്മാവിന്‍ തുടിപ്പ്‌" ഉണര്‍ത്തി ആലോലന്രുത്തമാട്ടാന്‍ സരസമലയാളിക്കൊപ്പം എന്നെന്നും ഈപ്പാട്ടുണ്ടാകും. കവിതയ്ക്കും ലളിതഗാനത്തിനും സിനിമാപ്പാട്ടിനും ഇടയിലെവിടെയോ ഉള്ള, നറുമലയാളിത്തം നിറഞ്ഞുനില്‍ക്കുന്ന , ജോണ്‍സണ്റ്റെ മാസ്മരികപ്പാട്ടുകളിലൊന്നാണിത്‌. ഓടക്കുഴലും വയലിനും യേശുദാസും ജോണ്‍സണ്റ്റെ താലന്തും ചേര്‍ന്ന്‌, തുമ്പപ്പൂപോലൊരു പാട്ട്‌ നമുക്കു നല്‍കി. നാടോടുന്ന മലയാളീടെ മനസ്സീന്നോടാത്ത മലയാളിത്തത്തെ മഞ്ഞിളവെയിലത്തെ ബാഷ്പ്പദീപ്തമാക്കുന്ന കഴിവ്‌ ജോണ്‍സണ്‍മാഷിണ്റ്റെ പാട്ടുകള്‍ക്കുണ്ട്‌. മിന്നാമിനുങ്ങിണ്റ്റെ നുറുങ്ങുവെട്ടതിലേതന്നെ, പൂവേണം പൂപ്പടവേണം എന്നാരംഭിക്കുന്ന പാട്ടിണ്റ്റെ തുടക്കത്തിലെ ഓടക്കുഴല്‍വിളി കേള്‍ക്കുമ്പോഴേ ഓണക്കാലമിങ്ങ്‌ ഓര്‍മ്മയിലെത്തും. മലയാളത്തിലെ മറ്റൊരു സംഗീതസംവിധായകരും പ്രകടിപ്പിച്ചിട്ടില്ലാത്തൊരു കഴിവാണിത്‌. സംഗീതസംവിധായകര്‍ എല്ലാവരുംതന്നെ ഗായകരുമായിരിക്കും. എന്നാല്‍ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡും കിട്ടിയ സംഗീതസംവിധായകന്‍, കേരളത്തില്‍ എം.ജയചന്ദ്രനെപ്പോലെ മറ്റാരുമില്ല. നോട്ടം എന്ന ചിത്രത്തിലെ മെല്ലെ,മെല്ലേ,മെല്ലെയാണീയാത്ര എന്ന പാട്ടിലൂടെ, നല്ലൊരു സംഗീതസംവിധായകനും ഗായകനും, രണ്ടുതോണിയിലല്ലാതെ മലയാളീടെ നിളാമനസ്സില്‍ വളരെക്കാലം ഒഴുകിക്കൊണ്ടിരിക്കും. ഒന്നിനി ശ്രുതിതാഴ്ത്തിപ്പാടുക പൂങ്കുയിലേ എന്നാരംഭിക്കുന്ന, ദൂരദര്‍ശണ്റ്റെ ഒരു ലളിതഗാനത്തിണ്റ്റെ സംഗീതസംവിധായകനും എം.ജയചന്ദ്രനാണ്‌. (പ്രശസ്തനായശേഷം, എം.ജയചന്ദ്രണ്റ്റെ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശനില്‍ വന്നിട്ടുണ്ട്‌. എന്നാല്‍ അതിലേറെ അറ്‍ഹതയുള്ള ജോണ്‍സണ്റ്റേയോ രവീന്ദ്രന്‍മാഷിണ്റ്റേയോ ഇണ്റ്ററ്‍വ്യൂ ദൂരദര്‍ശന്‍ സ്വന്തമായി ഉണ്ടാക്കീട്ടില്ല). പുരുഷണ്റ്റെ വയറ്റിലൂടെ അവണ്റ്റെ ഹ്രുദയത്തിലേക്ക്‌ പ്രവേശിക്കാമെന്നുണ്ടല്ലോ. എന്നാല്‍ ആരുടെയും ചെവിയിലൂടെ അവരുടെ മനസ്സിലേയ്ക്ക്‌ പ്രവേശിക്കുന്നതാണ്‌, സംഗീതവും അക്കൂടെ സംഗീതസംവിധായകരും. Free Web Counterസന്ദര്‍ശകര്‍ ഇതുവരെ

No comments:

Post a Comment