എയ്ഡ്‌സ്‌രോഗികളെ സമൂഹത്തീന്ന് ഒറ്റപ്പെടുത്തരുതെന്നും അടിച്ചുപൊളിച്ച് ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ടെന്നുമൊക്കെപ്പറയുന്ന പരസ്യങ്ങള്‍ റ്റിവിയിലും മറ്റും കണ്ടിട്ടുണ്ടാകുമല്ലോ. എയ്ഡ്‌സ് ചികില്‍സക്ക് ചെലവേറെയാണ്. എന്നാലത് പൂര്‍ണ്ണമായും ഗവണ്‍മെണ്റ്റ് വഹിക്കുകയാണ്. എന്നാല്‍ വേറെ അസുഖങ്ങളുടെ ചികിത്സക്കൊന്നിനും ഗവണ്‍മെണ്റ്റ് ഇങ്ങനെ സഹായിക്കുന്നുമില്ല. എയ്ഡ്‌സ്‌പിടിച്ച മിക്കവരും നല്ലനടപ്പുകാരൊന്നും അല്ലാന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും എന്താണിങ്ങനെയൊക്കെ ഗവര്‍മെണ്റ്റ് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. ഇനി വേറൊരു വശം നോക്കാം. എങ്ങനെയൊക്കയോ എയ്ഡ്‌സ് പിടിപെട്ട ഒരാള്‍ക്ക്, ജോലിക്ക് പോകാന്‍ പറ്റാതേയും വിലപിടിച്ച മരുന്ന് വാങ്ങാന്‍ പറ്റാതേയും വരുന്നേരം, സമൂഹത്തീന്ന് അവഹേളനവും ഒറ്റപ്പെടുത്തലും കൂടി അനുഭവിക്കേണ്ടിവന്നാല്‍, അയാള്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യും അല്ലെങ്കില്‍ സമൂഹത്തോടുള്ള വിരോധത്തോടെ നാടുവിടും; തന്നെത്തിരിച്ചറിയാത്ത ഒരിടത്തുപോയി പലര്‍ക്കും ആ പുലിവാല് കൊടുക്കാനും നോക്കും. ഫലമോ, കൂടുതല്‍ കൂടുതല്‍ എയ്ഡ്‌സ് രോഗികളുടെ ജനനം. കുറച്ച് കാലംകൊണ്ടുതന്നെ ഇത് സമൂഹത്തിന് വലിയ ആഘാതം ഉണ്ടാക്കുമെന്ന് മനസ്സിലാക്കിയതിനാലാവാം മറ്റൊരസുഖത്തിനും കൊടുക്കാത്ത പ്രത്യേക പരിഗണന ഇക്കാര്യത്തില്‍ കാട്ടുന്നത്. ഇത് മനസ്സിലാക്കാത്തവരാണ് എയ്ഡ്‌സ്‌രോഗികളേപ്പറ്റിയുള്ള പരസ്യത്തിന് എതിരേ പറയുന്നവര്‍. ഇതേ പോലത്തെ കാര്യമാണ് ന്യൂനപക്ഷങ്ങളുടെ പ്രത്യേക പരിഗണനക്കും കാരണം. ചെറിയൊരു ശതമാനം ആള്‍ക്കാരുപോലും സമൂഹത്തീന്ന് വേറിട്ടും എതിരേയും നിന്നാല്‍ പൊതുസമൂഹത്തില്‍ കുഴപ്പങ്ങള്‍ ഒഴിയില്ല; കൂടിക്കൊണ്ടുമിരിക്കും. ന്യൂനപക്ഷത്തിണ്റ്റെ മഹിമ കണ്ടല്ല, ഭരണഘടനയുടെ പ്രത്യേക പരിഗണനയൊക്കെ എന്ന്, ന്യൂനപക്ഷത്തിലെ ന്യൂനപക്ഷത്തിനും, ഭൂരിപക്ഷത്തിലെ ഭൂരിപക്ഷത്തിനും അറിയില്ല എന്നതാണ് നമ്മുടെ ഭാരതത്തിണ്റ്റെ ഒരു ദുരവസ്ഥ. ചിന്താശീലം കുറവായ, നമ്മുടെ സമൂഹത്തിലെ വലിയ ശതമാനം ആള്‍ക്കാരേയും, ഭരണസ്ഥാപനങ്ങള്‍ക്ക് എതിരേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമായി ഇളക്കിവിടാന്‍ നമ്മുടെ ആസ്ഥാന കുത്തിത്തിരിപ്പാശാന്‍മാര്‍ക്ക്, എളുപ്പം കഴിയുന്നത്, ഇക്കാര്യങ്ങള്‍ സാദാജനത്തിന് അറിയാത്തതുകൊണ്ടാണ്. അറിവ്, പലപ്പോഴും ആസ്വാസ്ഥ്യജനകമാണെന്ന് സാഹിത്യകാരന്‍ ആനന്ദ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അറിവില്ലായ്മ, ആസ്വാസ്ഥ്യജനകമാകുന്നത് സമൂഹത്തിന് ഒട്ടാകെയാണ്.
No comments:
Post a Comment