ചരിത്രത്തിന്റെ വഴിത്താരയില്‍, ഇന്നലെ ഇന്ന് , കലയുടെ കാല്‍പ്പാടുകള്‍ പതിപ്പിച്ചവരെയാണ് സമൂഹം പൊതുവെ ഓര്‍മ്മിയ്ക്കാറുള്ളത്. സിനിമക്കാരും സാഹിത്യകാരന്‍മാരും രാഷ്ട്രീയക്കാരുമൊക്കെയാണ് ഇക്കൂട്ടത്തില്‍ ഏറെയുമുള്ളത്. ഇവരില്‍പ്പെടാത്തയാളായിരുന്നെങ്കിലും 2009 നവംബര്‍ 6-ന് അന്തരിച്ച ഡോ.സി.ആര്‍.സോമന്‍ പ്രാമുഖ്യത്തോടെ സ്മരിക്കപ്പെട്ടത് അര്‍ഹിക്കുന്നതും അഭിനന്ദാര്‍ഹവുമാണ്. മാതൃഭൂമി ദിനപത്രം അദ്ദേഹത്തെക്കുറിച്ച് നവംബര്‍ 8-ന് മുഖപ്രസംഗവും മലയാളമനോരമപത്രത്തില്‍ ഡോ.ഇക്ബാല്‍ന്റെ അനുസ്മരണവും പ്രസിദ്ധീകരിച്ചിരുന്നു. പ്രമുഖ ജനകീയാരോഗ്യ പ്രവര്‍ത്തകന്‍, ആരോഗ്യാവകാശങ്ങളുടെ പോരാളി, തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലെ ന്യൂട്രീഷ്യന്‍ വിഭാഗം മുന്‍മേധാവി എന്നിങ്ങനെയൊക്കെയാണ് അദ്ദേഹം പരാമര്‍ശിക്കപ്പെട്ടുകണ്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രശോഭിതമായ മറ്റൊരു പ്രവര്‍ത്തനമേഖലയായിരുന്ന ദൂരദര്‍ശനിലെ ക്വിസ് മാസ്റ്റര്‍ തലം സ്മരിച്ചുകണ്ടില്ല.
ആഴ്ചതോറുമായി നാലരവര്‍ഷത്തോളം സംപ്രേഷണം ചെയ്ത DD Weekend ONLINE എന്ന ടെലിക്വിസ് പരിപാടിയുടെ മുഖ്യക്വിസ് മാസ്റ്ററും തുടക്കക്കാരനും മാത്രമല്ല, ചോദ്യങ്ങള്‍ ഉണ്ടാക്കുന്നവരില്‍ പ്രധാനിയും മൂന്നു വിഷ്വല്‍ സെഗ്‌മെന്റ്കളുടെ സ്ക്രിപ്റ്റ്റൈറ്ററും അദ്ദേഹമായിരുന്നു. കല, സാഹിത്യം, ചരിത്രം, സയന്‍സ് എന്നിങ്ങനെ വിവിധ മേഖലകളിലെ അദ്ദേഹത്തിന്റെ അറിവുകളുടെ കൂട്ടായ പ്രതിഫലനം കാണാനാവുന്നത് DD WOLലെ ഉത്തരങ്ങള്‍ക്കൊപ്പം അദ്ദേഹം നല്‍കുന്ന വിശദീകരണങ്ങളിലായിരുന്നു. 2002 ലെ വിഷുനാളായ ഏപ്രില്‍ 14-ന് ഒരുമണിക്കൂര്‍ ലൈവോടെ ആരംഭിച്ച്, 30-9-2007 ന് 249-)o എപ്പിസോഡില്‍ DD Weekend ONLINE എന്ന ടെലിഫോണിലൂടെമാത്രമുള്ള പ്രശ്നോത്തരി അവസാനിക്കുന്നതിനിടയില്‍, നൂറ്റന്‍പതോളം എപ്പിസോഡില്‍ ക്വിസ്‌മാസ്റ്ററായിരുന്ന്, അതില്‍ പങ്കെടുത്തവര്‍ക്കും പ്രേക്ഷകര്‍ക്കും മറക്കാനാകാത്ത അനുഭവം നല്‍കിയ സോമന്‍സാറിനെ ക്വിസ്‌മാസ്റ്ററായിട്ട് പത്രങ്ങളില്‍ പരാമര്‍ശിച്ചുകണ്ടില്ല. പ്രമുഖനായ ക്വിസ്‌മാസ്‌റ്ററെന്ന, സോമന്‍സാറിന്റെ ജീവിതത്തിലെ പ്രത്യേകതലം അറിയപ്പെടേണ്ടതാണ്. നറുപുഞ്ചിരിയോടെയുള്ള അദ്ദേഹത്തിന്റെ ചോദ്യരീതി, ആപ്പരിപാടിയില്‍ പങ്കെടുത്ത ആര്‍ക്കും മറക്കാവതല്ല. ആ ക്വിസിന്റെ പ്രൊഡ്യൂസറായ കെ.ശ്രീകുമാറിന്റെ യൂട്യൂബിലെ വീഡിയോക്ലിപ് കാണുന്നത് അതിനിയും ഓര്‍മ്മിയ്ക്കാനുതകും. കണ്ടാലും, Dr.C.R.Soman as Doordarshan Quizmaster. 1985ല്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ നിര്‍മ്മിച്ച് 13 എപ്പിസ്സോടായി സംപ്രേഷണം ചെയ്ത ഇന്റര്‍കൊളേജിയേറ്റ് ക്വിസ്സിലൂടെയായിരുന്നു സോമന്‍സാറിന്റെ, മിനിസ്ക്രീനിലെ ക്വിസ്‌മാസ്റ്ററായുള്ള അരങ്ങേറ്റം. DD Weekend ONLINE കൂടാതെ 'എന്റെ ഗ്രാമം'പരിപാടിയിലെ പ്രശ്നോത്തരിയിലെ ക്വിസ്‌മാസ്റ്റര്‍മാരിലൊരാളും ആയിരുന്നു.
ശുദ്ധമലയാളത്തില്‍ നന്നായി സംസാരിക്കാനുള്ള സോമന്‍സാറിനുള്ള കഴിവ് ഒരു പ്രത്യേകതതന്നെ ആയിരുന്നു. നല്ല മലയാളം സംസാരിക്കുന്ന കോട്ടയത്ത് ജനിച്ചുവളര്‍ന്നതുകൂടാതെ, മലയാളം പ്രൊഫസ്സറായ സി.ഐ.രാമന്‍ നായരുടെ മകനായിരുന്നതിനാലുമാകാം, അദ്ദേഹത്തിനത് സാദ്ധ്യമായത്. തിരുവനന്തപുരത്തെ Institute of management in governmentലെ അദ്ധ്യാപനത്തിനിടയില്‍, അദ്ദേഹത്തിന് നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്ന് നടത്തിയ ഹൃദയശസ്ത്രക്രിയയ്ക്കുശേഷം, പിറ്റേന്ന് ഈലോകത്തുനിന്ന് 72-)o വയസ്സില്‍ വേര്‍പിരിയുകയായിരുന്നു. ലാളിത്യത്തിന്റേയും സമൂഹസ്നേഹത്തിന്റേയും ധിഷണയുടേയും പ്രവര്‍ത്തനനിരതയുടേയും സമ്മിശ്രരൂപമായിരുന്ന സോമന്‍സാറിന് അഞ്ജലിയാകട്ടെ ഈ പോസ്റ്റ്. ഈ ബ്ലോഗ്‌പോസ്റ്റിന്റെ ആരംഭത്തിലുള്ള, 'ചരിത്രത്തിന്റെ വഴിത്താരയില്‍', 'ഇന്നലെ ഇന്ന്',
'കലയുടെ കാല്‍പ്പാടുകള്‍' എന്നിവ, DD Weekend ONLINE നുവേണ്ടി സോമന്‍സാറെഴുതിയ വിജ്ഞാനസമ്പന്നമായ ലഘുവീഡിയോചിത്രങ്ങളുടെ പേരുകളാണ്.
അദ്ദേഹത്തെപ്പറ്റിയുള്ള മറ്റു ബ്ലോഗുകള്‍/ ലിംഗുകള്‍:
crsomanfoundation
pareltank
Health Action by People
Window of knowledge
വേര്‍പാട് - 2009
സന്ദര്‍ശകര്‍ ഇതുവരെ
No comments:
Post a Comment